കോവിഡ് ബാധിതരുടെ എണ്ണം എട്ടു മാസത്തെ കുറഞ്ഞ നിരക്കില്‍; കേരളത്തിലേക്ക് കേന്ദ്രസംഘമെത്തും
February 2, 2021 11:42 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ. എട്ടു മാസത്തിനുള്ളിലെ കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8,635 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തി 8,171 കേസുകള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെ 1,07,66,245 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 1.04 കോടി ആളുകള്‍ രോഗമുക്തരായി. 1,54,486 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേരാണ് മരിച്ചത്. മേയ് 12ന് രേഖപ്പെടുത്തിയ 87 മരണത്തിനു ശേഷം ആദ്യമായാണ് മരണനിരക്ക് ഇത്രയും കുറയുന്നത്. ഇന്നലെ 13,423 പേര്‍ രോഗമുക്തരായി.
നിലവില്‍ 1,63,353 പേരാണ് ചികിത്സയിലുള്ളത്. 39,50,156 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇതുവരെ 19,77,52,057 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 6,59,422 സാംപിള്‍ ടെസ്റ്റുകളള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
ഒരിടയ്ക്ക് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്‌ടോബര്‍ മുതല്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനത്തേക്കും വീണ്ടും കേന്ദ്രസംഘമെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതരും ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധരുമാണ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക.