
ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും
January 29, 2021 3:51 pm
0
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. കസ്റ്റംസ് ഉദ്യോഗസ്ഥന് നേരിട്ടെത്തിയാണ് മൊഴിയെടുക്കുക. നേരത്തെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൈാഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന് ഖാലിദും ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണു കേസ്. കസ്റ്റംസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. പ്രതികളുടെ മൊഴിയില്‍ കഴമ്ബുണ്ടെന്ന് കണ്ടാല്‍ നടപടികളുമായി മുന്നോട്ട് പോകും. സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ല.
ഡോളര്‍ ദുബായില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.