അട്ടപ്പാടിയിലെ മാവോയിസ്റ്റ് പരിശീലനം; തോക്കുമായിയുള്ള പരിശീലന ദൃശ്യങ്ങൾ പുറത്ത്
November 6, 2019 11:00 am
0
പൊലീസ് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്ന ചന്തു മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. മാവോയിസ്റ്റു സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചത് .
തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീലനമാണ് ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്.
വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തുനില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു.
ഇരുവര്‍ക്കും വെടിയേറ്റതായും സംശയമുണ്ടായിരുന്നു. നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ കുപ്പു ദേവരാവരാജും അജിതയും കൊല്ലപ്പെട്ടപ്പോള്‍ മാവോയിസ്റ്റ് ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന കര്‍ണാടകക്കാരന്‍ വിക്രം ഗൗഡയും സംഘവും ചെറുത്തു നില്‍പ്പു നടത്താനാവാതെ രക്ഷപ്പെട്ടതിനു ശേഷമാണ് കേരളം, കര്‍ണാടക, തമിഴ്നാട് വനമേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു സംഘങ്ങള്‍ക്കു കൂടുതല്‍ സായുധ പരിശീലനം നല്‍കാന്‍ തീരുമാനമെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നുളള മാവോയിസ്റ്റുകള്‍ സായുധ പരിശീലനത്തിന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.