ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും
January 20, 2021 10:17 am
0
അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും.
അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേര്‍ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്. ഇന്ന് അതിരാവിലെ ട്രംപ് വൈറ്റ് ഹൗസ് വിടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍.
ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക. രാവിലെ 8 മണിക്ക് ആന്‍ഡ്രൂസ് ജോയിന്‍ ബെയ്സില്‍ പ്രത്യേക യാത്രയയപ്പ് ചടങ്ങ് നടക്കുമെന്ന് കാട്ടി അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് യാത്ര പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.