Wednesday, 30th April 2025
April 30, 2025

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; എ കെ ആന്റണി കേരളത്തിലേക്ക്

  • January 18, 2021 12:06 pm

  • 0

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യം നില നില്‍ക്കേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്റിന്റെ പച്ചക്കൊടി. സീറ്റ് വിഭജനം ഉള്‍പ്പെടെയുളള കാര്യത്തില്‍ ഹൈക്കമാന്റുമായി നടന്ന ചര്‍ച്ചയിലാണ് ഇരുവരേയും മത്സരിപ്പിക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരമായിരിക്കുന്നത്. അധികാരം പിടിക്കുന്നത് ലക്ഷ്യമിട്ട് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും കേരളത്തിലെത്തും.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ലതദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിയ്ക്കും പിന്നിലായി പോയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഹൈക്കമാന്റ് നേരിട്ട് ചുക്കാന്‍ പിടിക്കും. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി കേരളത്തില്‍ തങ്ങി പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

നിലവിലെ എംഎല്‍എമാര്‍ മത്സരിക്കണമെന്നും കഴിഞ്ഞ തവണത്തെ 80 ല്‍ 67 ഇടത്തും വിജയസാധ്യതയുണ്ടെന്നുമാണ് കെപിസിസി നല്‍കിയ റിപ്പോര്‍ട്ട്. ഹൈക്കമാന്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇത്തവണ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതലായി അവസരം നല്‍കാനുള്ള നിര്‍ദേശം സോണിയാഗാന്ധിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം പരിഗണിച്ചാല്‍ ഏറെ കാലമായി മത്സരിച്ചു കൊണ്ടിരിക്കുന്ന ചിലര്‍ക്കെങ്കിലും മാറി നില്‍ക്കേണ്ടി വന്നേക്കാമെന്നാണ് സൂചന.

അധികാരം കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്കും രമേശിനും ടേം വെച്ച്‌ മുഖ്യമന്ത്രി പദവി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുയുണ്ടാവില്ല എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും ഏത് പദവി നല്‍കിയാലും താന്‍ അംഗീകരിക്കുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നുമായിരുന്നു പ്രതികരണം. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടേയും മുല്ലപ്പള്ളിയുടേയും കെ സി വേണഗോപാലിന്റെയുമെല്ലാം പേരുകള്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്നുണ്ട്.