
ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി
January 15, 2021 12:03 pm
0
തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അമ്ബത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും തീരുമാനമായി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് ബാധ സംസ്ഥാനത്ത് തുടരുന്ന കാലത്തോളം ഭക്ഷ്യകിറ്റ് നല്‍കുമെന്ന സൂചനയാണ് ബഡ്ജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നല്‍കുന്നത്. തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ തീരുമാനങ്ങളും നടപടികളുമാണ് ഇതുവരെയുള്ള ബഡ്ജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.