
പൊലിസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
January 13, 2021 3:08 pm
0
കൊച്ചി; കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂണിലാണ് നൈറ്റ് പട്രോളിങ്ങിനിടെ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.
2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒമ്നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെയും കമ്ബിപ്പാര ഉപയോഗിച്ചു ആട് ആന്‍റണി കുത്തുകയായിരുന്നു. –
കുത്തേറ്റ് സിപിഒ മണിയന്‍പിള്ള മരിച്ചു. എഎസ്‌ഐ ജോയി പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ ആട് ആന്റണിയെ പിടികൂടാന്‍ കേരളത്തിലും പുറത്തും വന്‍ തിരച്ചിലാണ് നടത്തിയത്. പാലക്കാട് ഗോപാലപുരത്ത് നിന്ന് 2015 ഒക്ടോബര്‍ 13ന് രാവിലെ 7: 30നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകം, മോഷണം ഉള്‍പ്പെടെ ഇരുന്നൂറില്‍പ്പരം കേസുകളില്‍ പ്രതിയായ ആട് ആന്‍റണിയെ പിടികിട്ടാപുള്ളിയായി കേരള പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ആട് ആന്‍റണിയുടെ ഭാര്യയും മകനും ഗോപാലപുരത്ത് താമസമുണ്ട്. മകനെ കാണാന്‍ ചെല്ലുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാള്‍ വലയിലായത്. വേഷം മാറി പല രൂപത്തിലാണ് ആട് ആന്‍റണി നടന്നുകൊണ്ടിരുന്നത്.
കൊല്ലം ജില്ലയിലെ കുമ്ബളത്ത് നിന്ന ഒരാടിനെ മോഷ്ടിച്ച ശേഷം പിടിയിലായ ആന്റണിക്ക് അന്ന് മുതലാണ് ആട് ആന്റണിയെന്ന പേര് വീണത്.