
വാളയാര്‍ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി
January 6, 2021 11:59 am
0
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വാളയാര്‍ സമര സമിതിയുടെ ആവശ്യം.
വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയതോടെ പുനരന്വേഷണത്തിനും അവസരം ഒരുങ്ങും. ഇതിന് സര്‍ക്കാര്‍ സന്നദ്ധരുമാണ്. ഇതിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയോടെ വരുന്നത്. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനര്‍വിചാരണയ്ക്ക് മുമ്ബ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും.
കേസില്‍ പുനര്‍വിചാരണ നടത്തണം. പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണം. നാലു പ്രതികളും 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി ജ്യൂഡീഷ്യല്‍ കമ്മീഷന് ഇതിനുള്ള ശുപാര്‍ശ നല്‍കി.. പുനര്‍ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്. വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്ബതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.
പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പിന്നീടു മരിച്ച നിലയില്‍ കണ്ടെത്തിയെന്ന കേസില്‍ പാലക്കാട് പോക്‌സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രദീപ് അപ്പീല്‍ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തു. വലിയ മധു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പുനര്‍വിചാരണയും ആവശ്യമെങ്കില്‍ തുടരന്വേഷണവും വേണമെന്നാണ് സക്കാര്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.