Wednesday, 30th April 2025
April 30, 2025

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

  • January 4, 2021 3:03 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് എച്ച്‌5 എന്‍8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്ബിള്‍ അയച്ച്‌ പരിശോധന നടത്തിയതിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുംമറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ആലപ്പുഴകോട്ടയം ജില്ലകളില്‍ കളക്‌ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ട് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ദ്രുത കര്‍മ്മ സേനകളെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഏകദേശം 48,000 പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയില്‍ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതല്‍ പടരുന്നത് തടഞ്ഞത്.