Thursday, 23rd January 2025
January 23, 2025

കവി അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

  • January 4, 2021 10:09 am

  • 0

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.

ഞായറാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു . രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.

കഥ പറയുമ്ബോള്‍, മാടമ്ബി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്ബോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.