Tuesday, 29th April 2025
April 29, 2025

മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍

  • December 30, 2020 3:24 pm

  • 0

മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശിയായ പ്രതി റസാഖ്. കുറ്റബോധം തോന്നുന്നില്ലെന്നും പ്രതി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും പ്രതി പറഞ്ഞു. അതേസമയം മകന് എതിരെ പരാതിയില്ലെന്ന് മാതാവും വ്യക്തമാക്കി.

റസാഖ് മാതാവിനെ മര്‍ദിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത അയിരൂര്‍ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ഡിസംബര്‍ പത്തിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.സഹോദരി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഓച്ചിറയില്‍ ചെറുകിട കച്ചവടം നടത്തുന്ന പിതാവിന് അയക്കുകയും പിതാവ് വിദേശത്തുള്ള സഹോദരന് അയക്കുകയുമായിരുന്നുഅവിടെ നിന്നാണ് ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ക്രൂര ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ റസാഖിനെ തിരഞ്ഞ് എത്തിയെങ്കിലും കിട്ടിയില്ല.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. മാതാവിന് പരാതി ഇല്ലെന്ന് പറഞ്ഞാല്‍ കേസ് എടുക്കാതിരിക്കാനാവില്ലെന്നും വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ആര്‍ഡിഒമാര്‍ നിസംഗത പുലര്‍ത്തുന്നുവെന്നും അധ്യക്ഷ എം സി ജോസഫൈന്‍ വിമര്‍ശിച്ചു. പാറപ്പുറം പ്രദേശത്ത് ഒരു വയലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് റസാഖിനെ പൊലീസ് പിടികൂടിയത്.