Monday, 21st April 2025
April 21, 2025

രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു

  • December 30, 2020 10:19 am

  • 0

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.

എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍  നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍..വി പൂണെ, .ജി..ബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കോവിഡിനുകാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.

അതത് സംസ്ഥാനസര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രത്യേക മുറികളില്‍ ഒറ്റയ്ക്കാണ് സമ്പര്‍ക്കവിലക്കിലാക്കിയത്. സാധാരണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ ജനിതകഘടനാപരിശോധന നടന്നുവരികയാണ്.

നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.

വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

പുതിയ വൈറസ് വകഭേദം ബ്രിട്ടനുപുറമേ ഇന്ത്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍,യു..ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.

ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നുവരുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖയിറക്കിയിരുന്നു. ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിയിട്ടുമുണ്ട്.