
അഭയ വധക്കേസ്: ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സി.സെഫിക്കും ജീവപര്യന്തം
December 23, 2020 12:43 pm
0
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് കോട്ടൂര്‍, സി.സെഫി എന്നിവര്‍ക്ക് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ഫാ.കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊലപാതകം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. ശിക്ഷാവിധിയുടെ പുര്‍ണ്ണരൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റീസ് കെ. സനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അഭയയുടെ സംരക്ഷകര്‍ ആയിരിക്കേണ്ടവരാണ് കൊലപാതകം ചെയ്തിരിക്കുന്നത്. ഫാ.കോട്ടൂര്‍ അഭയയുടെ അധ്യാപകനും സി.സെഫി ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു. അധ്യാപകന്റെ അന്തസ്സിനും പദവിക്കും ചേരാത്ത പ്രവൃത്തി ഫാ.കോട്ടൂരില്‍ നിന്നുണ്ടായി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചു.
എന്നാല്‍ പ്രതികളുടെ പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭാഗം വാദം. ഫാ.കോട്ടൂര്‍ രോഗിയാണ്. ഇരുവരും 28 വര്‍ഷമായി മാനസികമായി പീഡനം അനുഭവിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോടതി മുറിയില്‍ വാദം നടക്കുമ്ബോള്‍ കണ്ണുകള്‍ അടച്ചിരുന്ന് കേള്‍ക്കുകയായിരുന്നു സി.സെഫി.
തങ്ങള്‍ നിരപരാധികളാണെന്ന് ഫാ.കോട്ടൂരും സി.സെഫിയും കോടതിയില്‍ പറഞ്ഞു. അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നും ഫാ.കോട്ടൂര്‍ പറഞ്ഞു. വൃക്ക, പ്രമേഹ രോഗങ്ങളുണ്ടെന്ന് സി.സെഫി പറഞ്ഞു. കാനന്‍ നിയമപ്രകാരം വൈദികന്‍ അച്ഛനെ പോലെയാണെന്നും സി.സെഫി പറഞ്ഞു. തനിക്ക് പ്രായമുള്ള മാതാപിതാക്കളുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്.
കൊലപാതകം ആസൂത്രിതമായിരുന്നോയെന്ന കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. അല്ലെന്ന് മറുപടി നല്‍കി.
2019 നവംബറിലാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. അതിക്രമിച്ചുകയറി എന്ന കുറ്റവും ഫാ.കോട്ടൂരിനെതിരെയുണ്ട്.