സൈബർ ആക്രമണം;ഉത്തര കൊറിയ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ആണവ രഹസ്യം
November 5, 2019 4:00 pm
0
ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തി. കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്കർ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്നിക്കൽ ഡയറക്ടർ എസ്.എ. ഭരദ്വാജ് എന്നിവർക്ക്, ഇമെയിൽ അറ്റാച്ച്മെന്റായാണ് അയച്ചത്.
രഹസ്യം ചോർത്താൻ ശ്രമം നടത്തുന്നതായി ഏപ്രിൽ 30നും ദക്ഷിണ കൊറിയൻ കമ്പനി മുന്നറിയിപ്പു നൽകിയിരുന്നു.കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായാണ് മെയിലുകൾ എത്തിയതെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് കമ്പനി വെളിപ്പെടുത്തി. ഇമെയിലിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവിട്ടു.
ആണവനിലയങ്ങളുടെ രഹസ്യങ്ങൾ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് പറഞ്ഞു. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്‌റ്റ് ബ്രീഡർ റിയാക്‌ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ൽ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയിൽ നുഴഞ്ഞുകയറിയതെന്നും ഇവർ കണ്ടെത്തി. 2007 മുതൽ ഇതേ പ്രോഗ്രാം വിവിധ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയിൽ നിർമിച്ച കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം.
2014 ൽ ഞങ്ങളുടെ (ദക്ഷിണ കൊറിയ) ആണവനിലയങ്ങളെ തകർക്കാനായി ഉത്തര കൊറിയ ഉപയോഗിച്ച അതേ വൈറസാണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത്. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് മെയിൽ ലഭിച്ച ഉന്നതരുടെ പേരുൾപ്പെടെ പുറത്തുവിട്ടത്.
2008 മുതൽ ഞങ്ങൾ ഉത്തര കൊറിയൻ സംഘങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. ഇമെയിൽ കണ്ടെത്തിയ രീതി പുറത്തുവിടാൻ കഴിയില്ല. ടീം ബി,സി എന്നിങ്ങനെ 2 സംഘങ്ങളാണ് ഉത്തരകൊറിയയിലുള്ളത്. ആദ്യഘട്ട അക്രമം നടത്തിയശേഷം ടീം സി അത് ടീം ബിക്ക് നൽകും. മെയിൽ അയച്ചത് ടീം സി‘യും രണ്ടാം ഘട്ടമായി ഡിട്രാക് വൈറസ് കടത്തിവിട്ടത് ടീം ബിയുമാണ്.