
‘ജയശ്രീറാം’ ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ മറുപടി
December 18, 2020 2:19 pm
0
പാലക്കാട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം‘എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ജയ്ശ്രീറാം ഫ്‌ളക്‌സ് വിരിച്ച അതേ സ്ഥലത്താണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക വിരിച്ചത്. നഗരസഭയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
ഇതിനിടെ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തകരെ പ്രതിപ്പട്ടകയില്‍ ചേര്‍ക്കും. പാലക്കാട് നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. നഗരസഭാ മന്ദിരത്തില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സെക്രട്ടറിയുടെ പരാതി. 16-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പാലക്കാട് നഗരസഭാ ഓഫീസിന്റെ മുകളില്‍ കയറിയ ഏതാനും പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡും മറുഭാഗത്ത് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സും ചുവരില്‍ വിരിച്ചെന്നുമായിരുന്നു പരാതി. സംഭവം കണ്ട് പോലീസുകാര്‍ ഓടിയെത്തി നഗരസഭാ മന്ദിരത്തിലെ ഫ്‌ളക്‌സ് നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ഇത് വലിച്ചെടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടക്കുന്ന സമയം ഏതാനും സ്ഥാനാര്‍ഥികളും അവരുടെ കൗണ്ടിങ് ഏജന്റുമാരും മാത്രമായിരുന്നു നഗരസഭാ മന്ദിരത്തിന്റെ മുകള്‍നിലയിലുണ്ടായിരുന്നത്. കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവം വിവാദമായതോടെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, പാര്‍ട്ടിനേതൃത്വത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പ്രതികരിച്ചത്.