Tuesday, 29th April 2025
April 29, 2025

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമില്ല, ബിജെപിയില്‍ കെ. സുരേന്ദ്രനെതിരേ പടയൊരുക്കം

  • December 18, 2020 10:35 am

  • 0

തിരുവനന്തപുരംതദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ. സുരേന്ദ്രന്റെ അവകാശവാദത്തെ തള്ളി കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും. തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ശോഭാസുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

1321 വാര്‍ഡുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. ഇത്തവണ അത് 1601 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും അത് ലക്ഷ്യത്തിനടുത്തെത്തിയില്ല. ബിജെപിക്കെതിരേ ന്യൂനപക്ഷ ഏകീകരണം നടന്നുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം അത് പ്രകടമായിരുന്നുവെന്നുമാണ് ബിജെപിആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും മുഖ്യപ്രതിപക്ഷമാവാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടുതല്‍ വോട്ടുകള്‍ നേടി ഒറ്റകക്ഷിയാവാനും ബിജെപിക്ക് സാധിച്ചു. എന്നാല്‍ പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടതില്ല, ആവശ്യമെങ്കില്‍ മുന്നണികളുടെ പിന്തുണ സ്വീകരിക്കാമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനും നിര്‍ദേശമുണ്ട്.

ആറായിരത്തോളം വാര്‍ഡുകളും നൂറു പഞ്ചായത്തുകളും നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ ലക്ഷ്യത്തിനടുത്തെത്താന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല, പാര്‍ട്ടി ഏറെ വളരാനുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നുവെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ സംസ്ഥാന ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.