‘ഇന്ത്യയിൽ ഓരോ കോവിഡ് കേസിനൊപ്പവും തിരിച്ചറിയാത്ത 90 രോഗികൾ’…
December 17, 2020 11:15 am
0
ന്യൂഡൽഹി ∙ രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകൾക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്ന് പഠനം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. രാജ്യത്ത് ഫെബ്രുവരി 2021നകം കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പ്രവചനം നടത്തിയതും ഇവരാണ്.
ഗണിതശാസ്ത്ര മാതൃകയിലൂടെയാണു പഠനം നടത്തിയത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുമായി ചേർത്ത് ഇതു പരിശോധിച്ചിട്ടില്ല. ഇന്ത്യയിലെ 60 ശതമാനം ആളുകളെയും കോവിഡ് ബാധിച്ചുവെന്നും അവരിൽ ആന്റിബോഡി രൂപപ്പെട്ടുവെന്നും ഈ മാതൃക വ്യക്തമാക്കുന്നതായി ഐഐടി കാന്‍പുരിലെ പ്രഫ. മഹിന്ദ്ര അഗർവാൾ പറഞ്ഞു.
ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളെയാണ് കോവിഡ് രൂക്ഷമായി ബാധിക്കുന്നതെന്നും ഇവിടങ്ങളിൽ ഇന്ത്യയിലേതിനേക്കാളും മരണനിരക്ക് അധികമാണെന്നും ഈ ഗണിതശാസ്ത്ര മാതൃക വ്യക്തമാക്കുന്നു. 1:10, 1:15 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ നിരക്ക്. ഇന്ത്യയിൽ കൂടുതൽ പേർക്കും ലക്ഷണങ്ങളുണ്ടാകാറില്ല. അതിനാൽ ശരാശരി നിരക്ക് 1:90 ആണ്. ഡൽഹിയിലും കേരളത്തിലും ഇത് 1:25 ആണ്. അതായത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ കേസിനൊപ്പവും 25 പേർക്കു കൂടി കോവിഡ് ബാധിക്കപ്പെടുന്നു, അത് ലക്ഷണങ്ങളില്ലാതെയാണ്.
കോവിഡിന്റെ തുടക്കത്തിൽ ഡൽഹിയിൽ തിരിച്ചറിയപ്പെടുന്ന ഓരോ കേസുകൾക്കും ഒപ്പം തിരിച്ചറിയപ്പെടാത്ത 43 പേര്‍ക്കും രോഗം ബാധിച്ചിരുന്നു. മൂന്നാം ഘട്ടത്തിലേക്കെത്തിയപ്പോൾ ഇത് 1:21 എന്ന നിലയിലേക്കു താഴ്ന്നു. ഓരോ സംസ്ഥാനത്തും ഈ നിരക്കിൽ വ്യത്യാസമുണ്ടായേക്കാം. രാജ്യമെമ്പാടും ഇത് ഒരുപോലെ ആയിരിക്കില്ല. ഉത്തർപ്രദേശിലും ബിഹാറിലും രോഗലക്ഷണങ്ങളില്ലാത്തവരുടെ നിരക്ക് 1:300 എന്ന നിലയിലാണ്. മിക്ക സംസ്ഥാനങ്ങളിലും നിരക്ക് 70–120 എന്നിങ്ങനെയാണ്.
അഗർവാളിനു പുറമെ, പ്രഫ. എം.വിദ്യാസാഗർ (ഐഐടി ഹൈദരാബാദ്), ഡോ. ഗഗൻദീപ് കാങ് (സിഎംസി വെല്ലൂർ), പ്രഫ. ബിമന്‍ ബാഗ്ചി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബെംഗളൂരു), പ്രഫസർമാരായ അരൂപ് ബോസ്, ശങ്കർ പോൾ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത), ലഫ്.ജനറൽ മാധുരി കനിറ്റ്കർ (പ്രതിരോധ മന്ത്രാലയം) എന്നിവരാണ് ഡിഎസ്ടി കമ്മിറ്റിയിലുണ്ടായിരുന്നത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കല്‍ റിസർച്ചിൽ പ്രസിദ്ധീകരിച്ച പ്രീ–പ്രിന്റ് ആർട്ടിക്കിളിലാണു കമ്മിറ്റിയുടെ വിലയിരുത്തലുകളുള്ളത്.