Wednesday, 5th February 2025
February 5, 2025

മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

  • December 15, 2020 3:15 pm

  • 0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ ലോറി കണ്ടെത്തി. എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പര്‍ ലോറിയെക്കുറിച്ചുള്ള വിവരം ഇന്നുരാവിലെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നഗരാതിര്‍ത്തി കടന്ന് വാഹനം പോയിട്ടുണ്ടോയെന്ന കാര്യത്തിലായിരുന്നു രാവിലെ മുതല്‍ അന്വേഷണം പുരോഗമിച്ചത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് ഈ ടിപ്പര്‍ ലോറി പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഈഞ്ചയ്ക്കല്‍വച്ച്‌ ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡ്രൈവര്‍ ജോയിയെ ചോദ്യം ചെയ്യാനായി വാഹനത്തിനൊപ്പം നേമം സ്‌റ്റേഷനില്‍ എത്തിച്ചുഇന്നലെ ഉച്ചയ്ക്കുശേഷം കരമനകളിയിക്കാവിള ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം.

കാരയ്ക്കാ മണ്ഡപം ജംഗ്ഷനു സമീപം പിന്നില്‍നിന്നു വാഹനം പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ടിപ്പര്‍ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മണ്ണുമായി മറ്റൊരു സ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടമുണ്ടായതെന്നാണ് ജോയി പൊലീസിന് നല്‍കിയിരിക്കുന്ന ആദ്യമൊഴി എന്നാണ് വിവരം.

അപകടശേഷം എന്തുകൊണ്ട് വാഹനം നിര്‍ത്തിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിയുള്ള അന്വേഷണത്തിലേ വ്യക്തമാകൂ. അപകടത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പ്രദീപിന്റെ കുടുംബവും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.