കിടപ്പുമുറിയും അടുക്കളയും അടക്കമുളള സൗകര്യങ്ങള്‍; പുതിയ കാരവാനുമായി മെഗാസ്‌റ്റാര്‍
December 9, 2020 2:33 pm
0
കൊച്ചി: മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയ്‌ക്ക് പുത്തന്‍ കാരവാന്‍. വോള്‍വോ ബസില്‍ പണികഴിപ്പിച്ച കാരവാന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. സാധാരണഗതിയില്‍ കാരവാന്‍ യാത്രായോഗ്യമല്ലെങ്കിലും പുതിയ കാരവാനില്‍ അതിനുളള സൗകര്യങ്ങളുമുണ്ട്. ബെഡ്റൂം അടക്കം സൗകര്യങ്ങളുളള കാരവാനിലാണ് കഴിഞ്ഞദിവസം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മമ്മൂട്ടി യാത്ര ചെയ്‌തത്.
സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തീയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി വികളാണ് ഉപയോഗിച്ചിട്ടുളളത്. ആവശ്യമുളളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം.യമഹയുടെ തീയേറ്റര്‍ സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
റോള്‍സ്‌റോയിസിലും മറ്റുമുളള ആകാശനീലിമ ആസ്വദിക്കാനുളള സൗകര്യവും വാഹനത്തിലുണ്ട്. കിടപ്പുമുറി വാഹനത്തിന്റെ പുറത്തേക്ക് വളര്‍ന്ന് മാറുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക തികവോടെ നിര്‍മ്മിച്ച കാരവാനിലെ അടുക്കളയില്‍ ഫ്രിഡ്‌ജ്, ഓവന്‍ സംവിധാനങ്ങളുമുണ്ട്.
ഒരാഴ്‌ചയോളം വെളളം ശേഖരിച്ച് വയ്‌ക്കാനുളള സൗകര്യവും കാരവാനിലുണ്ട്. മുന്നിലും പിന്നിലും എയര്‍ ബലൂണുകള്‍ ഉളളതിനാല്‍ കുലുക്കം അനുഭവപ്പെടുകയില്ല. കോതമംഗലം ഓജസാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ കാരവാനും ഒരുക്കിയത്. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് പന്ത്രണ്ട് മീറ്റര്‍ നീളമുളള വാഹനം തയ്യാറായിട്ടുളളത്. ഇന്ത്യയില്‍ കാരവാന്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉളള ഏക സ്ഥാപനമാണ് ഓജസ്.