Thursday, 23rd January 2025
January 23, 2025

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്

  • December 7, 2020 3:07 pm

  • 0

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്. തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ അടക്കം മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് അഞ്ജു. ഈ നേട്ടം ഒരു വൃക്കയുമായി ജീവിച്ചു കൊണ്ടാണെന്ന വെളിപ്പെടുത്തല്‍ കായികലോകത്തെ അമ്ബരപ്പിച്ചിരിക്കുകയാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- അഞ്ജു കുറിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

ഇതിനു പിന്നാലെ റിജിജു അഞ്ജുവിനെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്ന് കുറിച്ച അദ്ദേഹം കഠിന പ്രയത്‌നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും ട്വീറ്റ് ചെയ്തു. അഞ്ജുവിന്‍്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു റിജിജുവിന്‍്റെ പ്രതികരണം.

ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്ബോഴൊന്നും ഇത് അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്കാനിംഗിലാണ് ഈ വിവരം അറിയുന്നത്.

ലോംഗ് ജമ്ബ് താരമായിരുന്ന അഞ്ജു 2003ലെ വെങ്കലനേട്ടത്തോടെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഒരേയൊരു മെഡലും ഇതാണ്. ലോക അത്‌ലറ്റിക്സ് ഫൈനലില്‍ സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്ബ്യന്‍ഷിപ്പില്‍ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരങ്ങള്‍ നേടി രാജ്യം ആദരിച്ചു.