
തദ്ദേശ തിരഞ്ഞെടുപ്പ്; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥലത്ത് തിക്കും തിരക്കും
December 7, 2020 10:16 am
0
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുളള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കും തിരക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിതരണ കേന്ദ്രത്തില്‍ തടിച്ച് കൂടിയത്.
നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പോലും വിതരണ കേന്ദ്രത്തില്‍ ആരും ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ ഉടനീളം കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയില്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രം അടക്കമുളള പതിവ് സാധനസാമഗ്രികള്‍ക്കൊപ്പം ഇത്തവണ സാനിറ്റൈസര്‍ കൂടി ഉണ്ടാകും.
ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണ്. 11,225 ബൂത്തുകളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ബൂത്തുകള്‍ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡും മാസ്‌കും കൈയുറകളും ധരിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ഉള്‍പ്പടെയുളള അഞ്ച് ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ്.