വാളയാർ കേസ്; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
November 5, 2019 2:13 pm
0
പ്രതിപക്ഷം വാളയാര്‍ സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസാണ് നേരത്തെ ചര്‍ച്ചചെയ്ത വിഷയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പരിഗണിക്കാതിരുന്നത്.ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
എന്നാല്‍ ഈ വിഷയം സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ഷാഫി പറമ്പില്‍ ഉന്നയിച്ചതാണെന്നും വി.ടി.ബല്‍റാം നല്‍കിയ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാണെന്നും സിപിഎം ബന്ധമുള്ള അഭിഭാഷകനാണെന്നും ശിശുക്ഷേമ സമിതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ആരോപിച്ചാണ് വി.ടി.ബല്‍റാം എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കറുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതിനുപിന്നാലെയാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിച്ച സ്പീക്കറുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.