Tuesday, 29th April 2025
April 29, 2025

അതിതീവ്ര ന്യൂനമര്‍ദമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

  • December 1, 2020 11:53 am

  • 0

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇത് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌.

തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 10  കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ഇത്‌ കൂടുതല്‍ ശക്തി പ്രാപിച്ച്  ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.

തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുവ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇതിനോടകം തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും  നിരീക്ഷിച്ചു വരികയാണ്.