ഇതിഹാസത്തിന് വിട; മാറഡോണയ്ക്ക് ബുവാനോസ് ആരീസില്‍ അന്ത്യവിശ്രമം
November 27, 2020 11:25 am
0
ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് വിടനല്‍കി അര്‍ജന്റീന. മറഡോണയുടെ സംസ്കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ നടന്നു. പ്രാദേശിക സമയം വൈകുന്നേരം നാലിന് നടന്ന സംസ്കാര ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര് മാത്രമാണ് പങ്കെടുത്തത്.
അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താം നമ്ബര്‍ ജഴ്സിയും പുതപ്പിച്ചിരുന്നു. കാസാ റൊസാഡയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലീസിന് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു.
1986ല്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമില്‍ മാറഡോണയ്ക്കൊപ്പം കളിച്ചിരുന്ന സഹതാരങ്ങളായിരുന്നവരും താരത്തിനായി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അര്‍ജന്റീനയുടെ ദേശീയഗാനവും ഫുട്ബോളിന്റെ പാട്ടുകള്‍ പാടിയുമാണ് അവര്‍ ഫുട്ബോള്‍ ഇതിഹാസത്തിന് വിട നല്‍കിയത്.
ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.