Tuesday, 29th April 2025
April 29, 2025

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • November 20, 2020 3:37 pm

  • 0

കൊച്ചി: ( 20.11.2020) നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചുകോടതിയും പ്രോസിക്യൂഷനും ഒരുമിച്ച്‌ പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്ബോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയുന്നതിന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന ഗൗരവമായ ആരോപണമാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയില്‍ ഉയര്‍ത്തിയത്. വനിതാ ജഡ്ജി ആയിട്ടു പോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അംഗീകരിച്ചില്ല.

പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകര്‍ കോടതിമുറിയില്‍ വെച്ച്‌ മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നല്‍കിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹര്‍ജിയിലുണ്ടായിരുന്നു.

കോടതിയില്‍ വച്ച്‌ പലതവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതി കോടതിയെ അറിയിച്ചു. വിചാരണക്കോടതിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണം. അതേസമയം കേസിന്റെ വിചാരണ ഒരു വനിതാ ജഡ്ജിക്കു തന്നെ നല്‍കണമെന്നില്ല. തത്തുല്യമായ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് കൈമാറിയാലും മതിയാകും എന്ന നിലപാടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.