ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിന് ഇന്നു കിക്കോഫ്
November 20, 2020 12:55 pm
0
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിന് ഇന്നു കിക്കോഫ്. വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും.
ബംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തിലാണു മത്സരം. 11 ടീമുകളാണ് ഇത്തവണ കിരീടം തേടുന്നത്. ഐ ലീഗ് മുന്‍ ചാമ്ബ്യന്‍ ഈസ്‌റ്റ് ബംഗാളാണു പുതിയ ടീം. എസ്. സി. ഈസ്‌റ്റ് ബംഗാള്‍ എന്ന പേരിലാണ് അവര്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നത്‌്.
ബംഗളുരു എഫ്.സി., ചെന്നൈയിന്‍ എഫ്.സി., എഫ്.സി. ഗോവ, ഹൈദരാബാദ് എഫ്.സി., ജംഷഡ്‌പൂര്‍ എഫ്.സി., കേരളാ ബ്ലാസേ്‌റ്റഴ്‌സ് എഫ്.സി., മുംബൈ സിറ്റി എഫ്.സി., ഒഡിഷ എഫ്.സി., നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ ഗോവയിലെ മൂന്ന് മൈതാനങ്ങളിലായാണ് ടൂര്‍ണമെന്റ്. ഹോം, എവേ രീതി പിന്തുടര്‍ന്നാണു മത്സരങ്ങള്‍.
ബയോ ബബിള്‍ സുരക്ഷയില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ കാണികള്‍ക്കു പ്രവേശനമില്ല. ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാല്‍ ജേതാക്കളെ പ്രവചിക്കുന്നതു കടന്ന കൈയാകും. കൊല്‍ക്കത്തയുടെ ചരിത്രം ഉള്‍ക്കൊള്ളുന്നക്ല ബുകളായ എ.ടി.കെ. മോഹന്‍ ബഗാനും ഈസ്‌റ്റ് ബംഗാളും തമ്മില്‍ 27 നു നടക്കുന്ന മത്സരത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.
നിലവില്‍ ആദ്യ 11 റൗണ്ടുകളുടെ മത്സര ക്രമമാണു പുറത്തുവിട്ടത്. 95 മത്സരങ്ങളായിരുന്നു കഴിഞ്ഞ സീസണ്‍ വരെയുണ്ടായിരുന്നത്. ഇത്തവണ ആകെ 115 മത്സരങ്ങള്‍ നടക്കും.
ഏറ്റുമുട്ടല്‍ 14 തവണ
ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെയും തമ്മില്‍ ഇതുവരെ 14 തവണ ഏറ്റുമുട്ടി. കൊല്‍ക്കത്തക്കാര്‍ അഞ്ചു തവണയും ബ്ലാസ്‌റ്റേഴ്‌സ് നാലു തവണയും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ വീതം സമനിലയായി.
എ.ടി.കെ. ബ്ലാസ്‌റ്റേഴ്‌സിനെതിരേ 15 ഗോളുകളും ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയ്‌ക്കെതിരേ 16 ഗോളുകളുമടിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ബ്ലാസേ്‌റ്റഴ്‌സിനാണ്. 4.73 ദശലക്ഷമാണ് ബ്ലാസേ്‌റ്റഴ്‌സിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഫൈനലില്‍ കളിച്ചെങ്കിലും കപ്പടിക്കാന്‍ ബ്ലാസേ്‌റ്റഴ്‌സിന് സാധിച്ചിട്ടില്ല. ”മഞ്ഞപ്പട” ബ്ലാസേ്‌റ്റഴ്‌സിന്റെ പ്രധാന ആരാധക കൂട്ടായ്‌മയാണ്. ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം 1.73 ദശലക്ഷം ആരാധകര്‍ ബ്ലാസേ്‌റ്റഴ്‌സിനുണ്ട്.
മൂന്ന് തവണ കിരീടം നേടിയ ടീമാണ് എ.ടി.കെ. എ.ടി.കെ. മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന ടീമിനു സാമൂഹിക മാധ്യമങ്ങളില്‍ 1.78 ദശലക്ഷം ആരാധകരുണ്ട്. മോഹന്‍ ബഗാനുമായി ലയിച്ചതോടെ ഈ സീസണില്‍ ഇനിയും ടീമിന്റെ ആരാധക പിന്തുണ ഉയരും. ആറു പുതിയ വിദേശ താരങ്ങളുമായാണ് ബ്ലാസേ്‌റ്റഴ്‌സ് ഒരുങ്ങിയത്. കഴിഞ്ഞ 2019-20 സീസണില്‍ ഏഴാമതും അതിനു മുമ്ബ് (2018-19) ഒന്‍പതാമതും ഫിനിഷ് ചെയ്‌ത ബ്ലാസേ്‌റ്റഴ്‌സ് 2014, 2016 സീസണുകളില്‍ റണ്ണര്‍ അപ്പായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹ ഉടമയായിരുന്ന കാലത്തെ പ്രതാപത്തിലേക്കു ടീമിനെ തിരിച്ചെത്തിക്കുകയാണു കോച്ച് കിബു വികുനയുടെ ലക്ഷ്യം.
2018 മധ്യത്തിലാണു സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനോടു വിടപറഞ്ഞത്. എ.ടി.കെയെ കിരീടത്തിലെത്തിച്ച കിബു വികുനയാണു ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്. എ.ടി.കെ. മോഹന്‍ ബഗാനുമായി ലയിക്കുകയും അന്റോണിയോ ഹാബാസിനെ കോച്ചായി നിലനിര്‍ത്തുകയും ചെയ്‌തോടെയാണു വികുന പുതിയ താവളം തേടിയത്. കഴിഞ്ഞ സീസണിലെ രണ്ട് ലീഗ് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ തോല്‍പ്പിച്ചിരുന്നു. ഈ സീസണില്‍ മുംബൈ സിറ്റിക്കു വേണ്ടി കളിക്കുന്ന ബര്‍തലോമി ഒഗ്‌ബാചെ ഹോം മത്സരത്തില്‍ ഇരട്ട ഗോളടിച്ചു ബ്ലാസ്‌റ്റേഴ്‌സിനെ (2-1) ജയിപ്പിച്ചിരുന്നു. എവേ മത്സരത്തില്‍ ഹാളിചരണ്‍ നര്‍സാറിയുടെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്ത ടീമിനെ മറികടന്നു. പ്രതിരോധത്തിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കാനും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി ഇണപിരിയാത്ത ബന്ധമുണ്ടായിരുന്ന ജിങ്കന്‍ എ.ടി.കെയുടെ ഭാഗമായി ഇന്നു കളിക്കും. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്.സിയെ ആദ്യമായി പ്ലേ ഓഫിലേക്ക് നയിച്ച എല്‍കോ ഷട്ടോരിയില്‍ നിന്നാണു വികുന കോച്ച് സ്‌ഥാനമേറ്റെടുക്കുന്നത്. ഒഗ്‌ബാചെ, മാറ്റെജ് പോപ്ലാറ്റ്‌നിക്, സ്ലാവിസ സ്‌റ്റോജാനൊവിച്, ജിയാനി സുയിവര്‍ലൂണ്‍, മരിയോ ആര്‍ക്വസ് എന്നീ വിദേശ താരങ്ങളും ഹാലിചരന്‍ നര്‍സാരിയും മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷുംക്ല ബ് വിട്ടു. വികുന വന്നതോടെ സെയ്‌ത്യാസെന്‍ സിങ്, കെ.പി. രാഹുല്‍, പ്രശാന്ത്. കെ, അബ്‌ദുല്‍ ഹക്കു, സഹല്‍ അബ്‌ദുള്‍ സമദ് എന്നിവരുടെ കരാര്‍ നീട്ടി. ബംഗളുരു എഫ്.സിയില്‍നിന്നു നിഷു കുമാറിനെ ടീമിലെത്തിക്കാനുമായി. അര്‍ജന്റീനക്കാരനായ ഫാകുന്‍ഡോ പെരേയ, സ്‌പെയിന്റെ വിസന്റെ ഗോമസ്, ഓസ്‌ട്രേലിയന്‍ എ ലീഗിന്റെ ഭാഗമായിരുന്ന ഗാരി ഹൂപ്പര്‍, സിംബാബ്‌വേ താരമായിരുന്ന കോസ്‌റ്റ നമൊയിന്‍സു, ഫ്രഞ്ച് ക്ലബ് ലിയോണിന്റെ ബകാരി കോനെ, ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മറെ എന്നിവരും ബ്ലാസേ്‌റ്റഴ്‌സിന്റെ ഭാഗമായി. എ.ടി.കെ. ബഗാനെതിരേ 4-3-3 ഫോര്‍മേഷനാണു വികുനയ്‌ക്കു താല്‍പര്യം. ആല്‍ബിനോ ഗോമസ് ഗോള്‍ വലയം കാക്കുമെന്നാണു സൂചന. കെ.പി. രാഹുല്‍, സഹല്‍ അബ്‌ദുല്‍ സഹദ്, ജീക്‌സണ്‍ തോങ്‌ചാം എന്നിവര്‍ സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കുമെന്നാണു സൂചന.
സാധ്യതാ ടീം: ആല്‍ബിനോ തോമസ്, നിഷു കുമാര്‍, ബാകാരി കോനെ, കോസ്‌റ്റ മോനിസു, ജെസല്‍ കാര്‍നീറോ, വിസന്റെ ഗോമസ്, ജീക്‌സണ്‍ തോങ്‌ചാം, സഹല്‍ അബ്‌ദുള്‍ സമദ്, ഫാകുന്‍ഡോ പെരേയ, കെ.പി. രാഹുല്‍, ഗാരി കൂപ്പര്‍.
അന്റോണിയോ ഹാബാസ് ബ്ലാസ്‌റ്റേഴ്‌സിനെ 3-4-1-2 ഫോര്‍മേഷനാണു കരുതുന്നത്. നിലവിലെ ചാമ്ബ്യനായ എ.ടി.കെയ്‌ക്ക് ഐ ലീഗ് ചാമ്ബ്യനായ മോഹന്‍ ബഗാന്റെ കരുത്തും കൂടിയായി. മുന്നേറ്റക്കാരായി ഡേവിഡ് വില്യംസും റോയ് കൃഷ്‌ണയും സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കും. മന്‍വീര്‍ സിങിനെ ബെഞ്ചിലേക്കു മാറ്റും. ഇന്ത്യയിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ അരീന്ദം ഭട്ടാചാര്യയാണ് എ.ടി.കെയുടെ വലയം കാക്കുക. സാവി ഹെര്‍ണാണ്ടസ് മധ്യനിരയുടെ ചുക്കാന്‍ പിടിക്കും. ഹാബാസിന്റെ കണക്കു കൂട്ടലില്‍ സാവിയിലൂടെയാകും കളി പോകുന്നത്‌്. പ്രഭീര്‍ ദാസ്, പ്രണോയ് ഹാല്‍ദാര്‍, കാള്‍ മക്‌ഹ്യൂസ്, സുഭാഷിഷ് ബോസ് എന്നിവര്‍ സാവിയുടെ പിന്നിലുണ്ടാകും. പ്രതിരോധത്തിന് ജിങ്കാന്‍, പ്രീതം കോടാല്‍, ടിറി എന്നിവരുണ്ടാകും.
സാധ്യതാ ടീം: അരീന്ദം ഭട്ടാചാര്യ, പ്രീതം കോടാല്‍, സന്ദേശ് ജിങ്കാന്‍, ടിറി, പ്രഭീര്‍ ദാസ്, പ്രണോയ് ഹാല്‍ദാര്‍, കാള്‍ മക്‌ഹ്യൂസ്, സുഭാഷിഷ് ബോസ്, സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്‌ണ.