Tuesday, 29th April 2025
April 29, 2025

ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്

  • November 20, 2020 9:55 am

  • 0

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആശങ്കയില്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ aസെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.. എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയില്‍ പി.സിവിഷ്ണുനാഥ്, സി.ആര്‍. ജയപ്രകാശ്, എം. മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗംസ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനില്‍ പോയി. കഴിഞ്ഞദിവസങ്ങളില്‍ ഇവരെല്ലാം ഡി.സി.സി. ഓഫീസില്‍ സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതേസമയം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ ഇന്നലെയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. ഇതോടെ തര്‍ക്കംതീരാത്ത സ്ഥലങ്ങളില്‍ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നല്‍കാന്‍ നിര്‍ദേശിച്ചെന്ന് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ പറഞ്ഞു.