
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍
November 18, 2020 11:16 am
0
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ ഇന്ന് രാവിലെ വിജിലന്‍സ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാര്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം.
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഞ്ചാംപ്രതിയാണ് യു.ഡി.എഫ് സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ്, കരാര്‍ കമ്ബനി ആര്‍.ഡി.എസ് പ്രോജക്‌ട്‌സ് എം.ഡി സുമിത് ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ കേരള (ആര്‍.ബി.ഡി.സി.കെ) അസി. ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരും പ്രതികളാണ്.
വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ. സൂരജ് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. കരാര്‍ എടുത്ത ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ കൂടി അറിവോടെയാണെന്നായിരുന്നു ടി.ഒ. സൂരജിന്‍റെ മൊഴി. കമ്ബനിക്ക് മുന്‍കൂറായി എട്ട് കോടി രൂപ നല്‍കിയെന്നായിരുന്നു കേസ്. സൂരജ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.