കൊറോണയില്‍ വിറച്ച് ലോകം: മരണം 21,000 കടന്നു, രോഗബാധിതര്‍ നാലരലക്ഷം കവിഞ്ഞു
March 26, 2020 9:45 am
0
ബെയ്ജിങ്: ചൈനയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്– 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.
മരണനിരക്കില്‍ ചൈനയേയും മറികടന്നു സ്‌പെയിന്‍. ഇതുവരെ 3647 പേരാണ് സ്‌പെയിനില്‍ മരിച്ചത്.
ഇറാനില്‍ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. നിലവിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെയും അമേരിക്കയുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 24മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കേസുകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് മാത്രമുള്ളതാണ്.
ലോകത്താകമാനം കൊറോണ ബാധിച്ചവര്‍ നാലരലക്ഷം കടന്നു. ബുള്ളറ്റ് ട്രെയിന്‍ വേഗത്തിലാണ് രോഗം ന്യൂയോര്‍ക്കില്‍ പടരുന്നതെന്നാണ് ന്യൂയോർക്ക് ഗവര്‍ണര്‍ കോമോ കഴിഞ്ഞ ദിവസം പറഞ്ഞത്. യുദ്ധസമാന സാഹചര്യമാണ് രാജ്യത്ത് എന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അറിയിച്ചത്.
ചൈനയുടെ സ്ഥിതി ഏതാണ്ട് നിയന്ത്രണവിധേയമായി. ആകെ 81,6661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയില്‍ സാമൂഹിക വ്യാപനം നിലവില്‍ ഇല്ല. പുതുതായി സ്ഥിരീകരിച്ച കേസുകളെല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരുടേതാണ്.
ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാന്‍ മൂന്ന് മാസമെടുത്തെങ്കില്‍ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ച് മൂന്ന് ലക്ഷത്തിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ലോകത്തെ 300 കോടി ജനങ്ങള്‍ ഇപ്പോള്‍ ലോക്ക്ഡൗണിലാണ്.