മാറ്റമില്ലാത്ത എണ്ണവിലയിടിവിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ
November 4, 2019 8:00 pm
0
ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ആലോചിക്കുന്നു. പുതിയ നികുതികൾ ഏർപ്പെടുത്തുന്നത് എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ്. സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കുപുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും.
ബജറ്റുമായും എണ്ണവിലയുമായും തട്ടിച്ചുനോക്കുമ്പോൾ ജി.സി.സി.സർക്കാരുകൾക്ക് പുതിയ നികുതിനിരക്കുകൾ ഏർപ്പെടുത്താതെപറ്റില്ലെന്നാണ് വിലയിരുത്തൽ. ഒറ്റത്തവണ നടപ്പാക്കലിലൂടെ ജനങ്ങൾക്ക് അധികഭാരമാകാതിരിക്കാനാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ ആലോചിക്കുന്നത്. കുവൈത്തിൽ ആദ്യം കോർപ്പറേറ്റ് മേഖലയിലും പിന്നീട് ആദായനികുതിമേഖലയിലുമായിരിക്കും നികുതിപരിഷ്കരണം. മറ്റുവരുമാനസ്രോതസ്സുകളിൽനിന്നുള്ള നേട്ടങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടികൾ കൈക്കൊള്ളുക.
അടുത്ത പത്തുവർഷത്തിനുള്ളിൽ സമ്പത്ത്, മറ്റു സ്വത്തുവകകൾ എന്നിവയിൽനിന്ന് നികുതി ഈടാക്കാതെ സർക്കാരുകൾക്ക് മറ്റുമാർഗമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇപ്പോൾ ഈ മേഖലയിലെ സർക്കാരുകൾ കൂടുതൽ ശ്രദ്ധചെലുത്തുന്നത് മൂല്യവർധിതനികുതിവരുമാനത്തിലാണ്. ഈസംവിധാനം ഫലപ്രദമായി നടപ്പായാൽമാത്രമേ സർക്കാരുകൾ മറ്റു അധികനികുതിവരുമാനം ലക്ഷ്യംവെച്ചുപ്രവർത്തിക്കുകയുള്ളൂ.
നികുതിപരിഷ്കരണത്തിന്റെ ഇടക്കാലകാലയളവിൽ ആഡംബരനികുതിയും ചുമത്തിത്തുടങ്ങും. ആദ്യം ‘വാറ്റ്’ (മൂല്യവർധിത നികുതി) നടപ്പാക്കിയശേഷമായിരിക്കും ആഡംബരനികുതിയിലേക്ക് കടക്കുക. അടുത്ത പത്തുവർഷത്തിനുള്ളിൽ ജി.സി.സി.രാജ്യങ്ങളുടെ നികുതിവരുമാനത്തിൽ പ്രകടമായ വർധന കണ്ടുതുടങ്ങുമെന്ന് കെ.പി.എം.ജി. മിഡിൽ ഈസ്റ്റ് ആൻഡ് സൗത്ത് ഏഷ്യ മാനേജിങ് പാർട്ണർ ഡോ. റഷീദ് അൽ ക്വീനിയ പറഞ്ഞു.
നിലവിൽ യു.എ.ഇ., സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ചരക്ക്, സേവനങ്ങളിന്മേൽ അഞ്ചുശതമാനം ‘വാറ്റ്’ ഈടാക്കുന്നുണ്ട്. യു.എ.ഇ.യിൽ പുകയിലയ്ക്കും ഊർജദായകപാനീയങ്ങൾക്കും നൂറുശതമാനവും കാർബണേറ്റഡ് പാനീയങ്ങൾക്ക് അമ്പതുശതമാനവും നികുതി ഈടാക്കുന്നുണ്ട്. ഡിസംബർ ഒന്നുമുതൽ ഈ നികുതി ഹുക്ക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവയ്ക്കും ചുമത്തും.