ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാര്‍; മലയാളികളും ദുരിതക്കയത്തില്‍
March 12, 2020 4:00 pm
0
ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാര്‍. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,000 പേര് മത്സ്യത്തൊഴിലാളികളാണ്. ഇവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നതായും മന്ത്രി അറിയിച്ചു.
ഇറാനിലെ വിവിധ പ്രവിശ്യകളിലായാണ് 6,000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മു കാഷ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 1,100 തീര്‍ഥാടകര്‍, ജമ്മു കാഷ്മീരില്‍ നിന്നുള്ള 300 വിദ്യാര്‍ഥികള്‍, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 1,000 മത്സ്യത്തൊഴിലാളികള്‍, മുന്‍പുതന്നെ ഇറാനില്‍ കഴിയുന്നവര്‍, മതപഠന വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു– ജയശങ്കര്‍ പറഞ്ഞു. ഇവരില്‍ തീര്‍ഥാടനത്തിനായി പോയവരെ തിരികെ കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി. കൊറോണ വൈറസ് രൂക്ഷമായി ബാധിച്ചിരിക്കുന്ന കോമിലാണ് കൂടുതല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നത്.
ഇറാനില്‍നിന്ന് 529 പേരുടെ സാന്പിളുകളാണ് സര്‍ക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇവരില്‍ 299 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. ഇറ്റലിയില്‍ കുടുങ്ങിയവരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘത്തെ അയച്ചു കഴിഞ്ഞെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.