Thursday, 23rd January 2025
January 23, 2025

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  • March 11, 2020 10:27 am

  • 0

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍ പുറംലോകത്തെ അറിയിച്ചത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്‍റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.

മന്ത്രിക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ ശ്രമിച്ചുവരികയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.