കോറോണ : യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു
March 4, 2020 9:53 am
0
ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാംന്യൂസിലൂടെ ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നടത്തിയത്.
മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറികള്‍, സ്‌കൂള്‍ ബസുകള്‍, സ്‌കൂള്‍ പരിസരം എന്നിവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഈ കാലയളവ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇയില്‍ ആറുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.