Thursday, 23rd January 2025
January 23, 2025

വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും

  • November 4, 2019 2:00 pm

  • 0

വാട്സാപ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍‌വെയറായ പെഗാസസ് 121 ഇന്ത്യക്കാരെ നോട്ടമിട്ടെന്ന വിവരം ഏറ്റവുമൊടുവിൽ സെപ്റ്റംബറിൽ സർക്കാരിനെ അറിയിച്ചിരുന്നുവെന്നു വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിലുണ്ട്. സെപ്റ്റംബറിലും മുന്നറിയിപ്പു നൽകിയതായി വാട്സാപ് പറഞ്ഞതോടെ സർക്കാർ വെട്ടിലായി.

അതേസമയം, നേരത്തെ വാട്സാപ് നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന സർക്കാരിന്റെ വിശദീകരണത്തോട് പ്രതികരിക്കാൻ വാട്സാപ് തയാറായില്ല. വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ സർക്കാർ വാട്സാപ്പിനോടു വിശദീകരണം തേടിയിരുന്നു. 2 തവണയും ഐടി മന്ത്രാലയത്തിനു നൽകിയ കത്തിന്റെ പകർപ്പു സഹിതമാണു വാട്സാപ്പിന്റെ മറുപടി. എന്നാൽ, നേരത്തേ നൽകിയ കത്തിൽ ചോർത്തലിനെക്കുറിച്ചു പരാമർശിച്ചിരുന്നില്ലെന്നും ചില സാങ്കേതിക വിവരം മാത്രമാണ് ചേർത്തിരുന്നതെന്നും ഐടി മന്ത്രാലയം വിശദീകരിക്കുന്നു.

വിവരച്ചോർച്ചയുടെ കാര്യത്തിൽ സർക്കാരിന്റെ മൗനം നിഗൂഢമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി. ചാര സോഫ്റ്റ്‌വെയർ വഴിയുള്ള വിവരച്ചോർച്ചയിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ടെന്ന വിവരം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസ്. രാഷ്ട്രീയമായി കോൺഗ്രസ് നേതൃത്വം നൽകുന്ന പാർലമെന്ററി സമിതികളെ കൊണ്ട് വിഷയം അന്വേഷിപ്പിക്കാനാണ‌ു നീക്കം. സെപ്റ്റംബർ 12ന് കേന്ദ്ര ഐടി മന്ത്രി ഫെയ്സ്ബുക് അധികൃതരെ കണ്ടപ്പോഴും വിഷയം ഉന്നയിച്ചില്ല. തിരഞ്ഞെടുപ്പിനു മുൻപ് ഫോൺ ചോർത്തിയോ എന്നതു വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

നിരന്തരം തുടരുന്ന നിരീക്ഷണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ താനടക്കമുള്ളവരുടെ കാര്യത്തിൽ പുറത്തുവന്നതെന്നു ഫോൺ ചോർത്തലിന് ഇരയായ മലയാളി അധ്യാപകൻ എ.ടി. അജ്മൽ ഖാൻ മനോരമയോട്. ആദ്യം കനേഡിയൻ കൺസൽറ്റൻസിയും പിന്നീട് വാട്സാപ്പും ഫോൺ ചോർത്തൽ സ്ഥിരീകരിച്ചു സന്ദേശം അയച്ചതായി അജ്മൽ പറഞ്ഞു.