Thursday, 23rd January 2025
January 23, 2025

മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രി ആകും

  • February 29, 2020 12:00 pm

  • 0

ക്വലാലംപുര്‍: ഒരാഴ്ച മുമ്ബ് രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതന്‍ ഹാരപ്പന്‍ സഖ്യം തനിക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു. അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം രാജാവിന് വിട്ട് നല്‍കിയിരിക്കുകയാണെന്നും മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് മഹാതിര്‍ രാജിവെച്ചത്. അന്‍വര്‍ ഇബ്രാഹിം പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിച്ച്‌ അധികാരത്തിലേറുന്നത് തടയാനുള്ള മഹാതിറിന്റെ അനുയായികളുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദീര്‍ഘകാലം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു മഹാതിര്‍. 1981-ലാണ് ആദ്യം പ്രധാനമന്ത്രിയായത്. 2003-ല്‍ വിരമിച്ചു. ഇടവേളയ്ക്കുശേഷം 2018-ല്‍ വീണ്ടും അധികാരത്തിലെത്തി. 94 വയസ്സുള്ള മഹാതിര്‍ മുഹമ്മദ് ജമ്മുകശ്മീര്‍, പൗരത്വ വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച്‌ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.