കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്കുന്നു
November 4, 2019 10:35 am
0
കോണ്‍ഗ്രസ് അനുകൂല ജീവനക്കാർ ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. സമരാനുകൂലികള് പലയിടത്തും സര്‍വീസുകള്‍ തടഞ്ഞു. സംസ്ഥാനത്തെ 60 ശതമാനം സര്‍വീസുകള്‍ മുടങ്ങിയതാണ് റിപ്പോര്‍ട്ട്. എട്ട് ഓര്‍ഡിനറി സര്‍വീസുകളാണ് കോഴിക്കോട് റദ്ദാക്കിയത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലും പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചു.
കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം സര്‍വീസുകള്‍ മുടങ്ങി.ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. ആദ്യ മണിക്കൂറുകളില്‍ സമരം വലിയ രീതിയില്‍ ബാധിച്ചു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. മലപ്പുറം പാലക്കാട് ജില്ലകളിലും വലിയവിഭാഗം സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘ ദൂര സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റ് ഒരു വിഭാഗം ജീവനക്കാര്‍ മാത്രമായതിനാല്‍ സമരം വലിയ രീതിയില്‍ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു.
കൊല്ലത്ത് 126 സര്‍വീസുകളില്‍ ആറെണ്ണം മാത്രമാണ് പുറപ്പെട്ടത്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ യാത്രക്ലേശം രൂക്ഷമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നെടുമങ്ങാട് സ്റ്റാന്‍ഡില്‍ വെച്ച് ജോലിക്കിറങ്ങിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദിച്ചു. ഇയാളിപ്പോള്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് സമരം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വ്യക്തമാക്കി. എല്ലാ വിഭാഗം ജീവനക്കാരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. കൃത്യ സമയത്ത് ശമ്പളം തരാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.