സഹായിക്കാന്‍ എത്തിയ വ്യോമസേനയുടെ ഭീമനെ വിട്ടയക്കാതെ ചൈന, ഇന്ത്യന്‍ വിമാനത്തിന്റെ മടക്കം മന:പൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം
February 22, 2020 3:00 pm
0
വുഹാന്‍ : കൊറോണ ബാധിതമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമന്‍ ചരക്ക് വിമാനത്തിന്റെ മടക്കം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച വിമാനം തിരികെ വുഹാനില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെയും കൊണ്ടു വരുവാന്‍ ലക്ഷ്യമിട്ടിരുന്നു. ചൈനീസ് അധികൃതരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് വ്യോമസേനയുടെ വലിയ ചരക്കു വിമാനമായ സി-17 അയച്ചത്. ഏത് കാലാവസ്ഥയിലും അടിയന്തര സേവനം നടത്തുവാന്‍ പര്യാപ്തമാണ് ഈ വിമാനം. എന്നാല്‍ വുഹാനില്‍ ലാന്റ് ചെയ്ത വിമാനത്തിന് ക്ലിയറന്‍സ് നല്‍കാതെ ചൈനീസ് അധികൃതര്‍ വൈകിപ്പിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.
അതേസമയം രക്ഷാപ്രാവര്‍ത്തനത്തിന് എത്തിയ മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ ഇവിടെ നിന്നും പുറപ്പെടുന്നുമുണ്ട്. ഫ്രാന്‍സുള്‍പ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാവസ്തുക്കളുമായെത്തിയ വിമാനങ്ങള്‍ക്ക് ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്‍മാരെ മടക്കിക്കൊണ്ട് പോകുന്നതില്‍ ചൈനയുടെ അനിഷ്ടമാണ് ഇപ്പോഴത്തെ വൈകിപ്പിക്കലിന് പിന്നിലെന്ന് കരുതുന്നു. മുന്‍പും രണ്ട് തവണ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യ പൗരന്‍മാരെ ഒഴിപ്പിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരന്‍മാരെയുമാണ് തിരികെ എത്തിച്ചത്. യാത്രാവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു രണ്ടു തവണയും ഇന്ത്യ ദൗത്യം നടത്തിയത്. ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ചൈനയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
ഇനിയും നൂറു കണക്കിന് ഇന്ത്യക്കാരാണ് കൊറോണ പടര്‍ന്ന് പിടിച്ച വുഹാന്‍ നഗരത്തിലുള്ളത്. ഇവരില്‍ മടങ്ങി വരാന്‍ താത്പര്യമുള്ളവരെ ഇന്ന് തിരികെ എത്തിക്കും. ഇന്ത്യയില്‍ എത്തുന്നവരെ സൈന്യം സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം അസ്വസ്ഥതകളൊന്നും ഇല്ലെന്ന് ബോധ്യമായ ശേഷമേ വീടുകളില്‍ പോകുവാന്‍ അനുവദിക്കുകയുള്ളൂ.