
ജാമിസണ് തിളങ്ങി; ഇന്ത്യ പതറുന്നു
February 21, 2020 1:00 pm
0
വെല്ലിംഗ്ടണ്‍: അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്ല്‍ ജാമിസണിന്റെ മികവില്‍ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ന്യൂസിലന്‍ഡിന് മേല്‍കൈ. മഴമൂലം ഒന്നാം ദിനം നേരത്തെ കളിയവസാനിക്കുമ്ബോള്‍ ഇന്ത്യ 122/5 എന്ന നിലയിലാണ്. വിരാട് കോഹ്ലി (2), ചേതേശ്വര്‍ പൂജാര (11), ഹനുമ വിഹാരി (7) എന്നിവരുടെ വിക്കറ്റുകള്‍ നേടിയ ജാമിസണ് അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യദിനം അവിസ്മരണീയമാക്കി.
38 റണ്‍സോടെ ക്രീസിലുള്ള അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 10 റണ്‍സോടെ ഋഷഭ് പന്ത് കൂട്ടായുണ്ട്. പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34) എന്നിവരും ആദ്യദിനം പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 16 റണ്‍സില്‍ ആദ്യ വിക്കറ്റ് വീണു. രണ്ടു ബൗണ്ടറിയുമായി തുടങ്ങിയ പൃഥ്വി ഷായെ ടിം സൗത്തി ക്ലീന്‍ബൗള്‍ഡ് ചെയ്തു. പേസ് ബൗളിംഗിന് അനുകൂലമായ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബാറ്റ്സ്മാന്മാര് വിഷമിച്ചതോടെ സ്കോര്‍ നീക്കം ഒച്ച് വേഗത്തിലായി. ഇടവേളകളില്‍ വിക്കറ്റ് കൂടി നഷ്ടമായതോടെ ആദ്യദിനം കിവീസിന് അനുകൂലമായി.