
വെള്ളമടിച്ച് ലക്കുകെട്ട് ‘കുടിവെള്ള’ത്തിനു മീതേ, നാട്ടുകാരെ വട്ടംകറക്കി…
February 12, 2020 7:00 pm
0
മുതുകുളം: മദ്യപിച്ച് ലക്കുകെട്ട് യുവാവ് ജലസംഭരണിക്ക് മുകളില്‍ കയറിയതോടെ ശ്വാസം നിലച്ച് നാട്ടുകാര്‍. ഒടുവില്‍ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ഒടുവില്‍ യുവാവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും രണ്ടേകാല്‍ മണിക്കൂറോളം കുഴക്കിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളില്‍ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളില്‍ ഇയാള്‍ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരില്‍ ചിലര്‍ സംഭരണിക്ക് മുകളിലെത്തി ഇറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാന്‍ ഇയാളുടെ കൈയും കാലും കൈലി ഉപയോഗിച്ച് മുകളില്‍ കെട്ടിയിട്ടതിനുശേഷം അഗ്നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസും ഹരിപ്പാട്ടുനിന്ന് അഗ്നിരക്ഷാസേനയും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ രാത്രി എട്ടേകാലോടെ വലയില്‍ കെട്ടി താഴേയ്ക്ക് എത്തിച്ചത്.
താഴെയെത്തുമ്ബോഴും യുവാവ് പാതിമയക്കത്തില്‍ ആയിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അവശ്യ സര്‍വീസ് തടസ്സപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേ കേസെടുത്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ടിജി മണിക്കുട്ടന്‍, ഓഫീസര്‍മാരായ കെ ദീപാങ്കുരന്‍, എസ് സജി, പി ബെന്നി, കെകെ രമാകാന്ത്, ഹോംഗാര്‍ഡ് കെ സുരേന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.