50 ലക്ഷം പേര്‍ തന്നെ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞു: ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് ട്രംപ്
February 12, 2020 1:00 pm
0
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചത്.
‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്‘. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെ.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്‌റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്ബതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ‘. ട്രംപ് പ്രതികരിച്ചു.
ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്.