Thursday, 23rd January 2025
January 23, 2025

ദിവസവും മരിക്കുന്നത് ശരാശരി 100 പേര്‍: കൊറോണയില്‍ മരണം 1100 ആയി

  • February 12, 2020 10:13 am

  • 0

ബെയ്ജിങ്: കൊറോണ വൈറസ് ബാധ മൂലം മരണസംഖ്യ 1107 ആയി വർധിച്ചു. ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി. ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ചു. കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്‌ള്യു.എച്ച്.. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക.