ചൈനയില്‍ കൊറോണ മരണം 1000 കടന്നു; ഫേസ് മാസ്ക് ധരിച്ച് പ്രസിഡന്റും
February 11, 2020 2:00 pm
0
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൊവ്വാഴ്ച വരെ 1011 പേരാണ് ചൈനയില്‍ മരിച്ചത്. ഹുബൈ പ്രവിശ്യയില്‍ 103 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ 1000 കടന്നത്.
ഹുബൈ പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ ദിവസം 2097 കേസുകളാണ് സ്ഥിരീകരിച്ചത്. ഈ പ്രവിശ്യയിലാണ് ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതും. ചൈനയില്‍ ആകെ 42,200 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇത് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണ്. യഥാര്‍ഥ കണക്കുകള്‍ സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. ഹുബൈ തലസ്ഥാനമായ വുഹാനില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്ന ചന്തയില്‍നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതപ്പെടുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് കഴിഞ്ഞ ദിവസം ബെയ്ജിംഗിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. മാസ്ക് ധരിച്ചാണ് പ്രസിഡന്റ് ആശുപത്രിയില്‍ എത്തിയതെന്നു സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.