കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല
February 10, 2020 2:00 pm
0
ബീജിംഗ്: വുഹാനിലെ കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാനിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വുഹാനിലുണ്ടായിരുന്നു.
കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകം അറിഞ്ഞത് മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളിലൂടെയായിരുന്നു. ട്വിറ്ററിലും യൂട്യൂബിലും ഇവരുടെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാല്‍ ഫാങ് ബിന്നില്‍ നിന്നും കാര്യമായ പ്രതികരണങ്ങളില്ല.
ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഫാങ് ബിന്നിനെ ചൈനീസ് അധികൃതര്‍ തടവിലിട്ടിരുന്നു. രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗസ്ഥര്‍ ഫാങ് ബിന്നിന്റെ വീടിന്റെ വാതില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ഇയാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കൊറോണയെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് ലീ ആയിരുന്നു. മെസേജിങ് ആപ്പായ വീചാറ്റില്‍, തന്റെ ഒപ്പം മെഡിക്കല്‍ പഠനം നടത്തിയവര്‍ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ സന്ദേശം വൈറലാകുകയും ചെയ്തു. എന്നാല്‍, അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് ലീയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നു. ലീയുടെ മരണത്തിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ കാണാതായത്.