
കടവൂര്‍ ജയന് കൊലക്കേസ്: ഒമ്ബത് പ്രതികളും കീഴടങ്ങി
February 10, 2020 12:00 pm
0
കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീടങ്ങി. ഒളിവില്‍ കഴിഞ്ഞ ഒമ്ബത് പ്രതികളാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസില്‍ വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികള്‍ ഒളിവില്‍ പോയത്. ജാമ്യത്തിലുള്ള പ്രതികളാരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഒന്നു മുതല്‍ ഒമ്ബതുവരെയുള്ള പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ (ഹരി) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
2012 ഫെബ്രുവരി ഏഴിനാണ് കേസിനാപ്ദമായ സംഭവം. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ (കടവൂര്‍ ജയന്) സംഘടനയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍ വെച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്ന കേസ്. പ്രോസിക്യൂഷന് 23 സാക്ഷികളുടെ മൊഴിയും ആറ് മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടിമുതലുകളും രേഖകളും തെളിവിലേക്ക് ഹാജരാക്കി.