കൊറോണ മരണം 900 കടന്നു, 40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
February 10, 2020 11:00 am
0
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗബാധിതര്‍ 40,000. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. 97 പേര്‍ മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്.
ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്രം കേസുകള്‍ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഞായറാഴ്ച 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ വ്യക്തമാക്കി. ഇതോടെ കൊറോണ സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171 ആയി.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയ്ക്കു പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണു രോഗബാധ കണ്ടെത്തിയത്. എന്നാല്‍ ഞായറാഴ്ച 3,281 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്.
ഹ്യുബെയില്‍ നിന്ന് 630 ആളുകള്‍ ആശുപത്രി വിട്ടതായി ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതുവര്‍ഷാവധി കഴിഞ്ഞ് ഇന്നു ലക്ഷക്കണക്കിനാളുകള്‍ തൊഴിലിടങ്ങളിലേക്കു മടങ്ങുമ്ബോള്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.