Monday, 28th April 2025
April 28, 2025

ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്:ചെന്നിത്തല

  • February 8, 2020 3:00 pm

  • 0

തിരുവനന്തപുരം: കേരള ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ബജറ്റിലെ പല പ്രഖ്യാപനങ്ങളോടും വിയോജിപ്പുണ്ട്.സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും കെഇആര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്നും ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ പൂര്‍ണമായും നിയമനങ്ങള്‍ ഇല്ലാതാകുന്ന സ്ഥിതി വരുമെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം.മാണി സ്മാരകത്തിന് പണം അനുവദിച്ചതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും അന്തരിച്ച നേതാക്കള്‍ക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണെന്നും ജോസ് കെ.മാണിയെ ലക്ഷ്യം വച്ചാണെന്ന് കരുതുന്നില്ലെന്നും 2000 തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താല്‍ക്കാലികമായി തുടങ്ങുന്ന കണ്‍കെട്ട് വിദ്യയാണ് ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.