Monday, 21st April 2025
April 21, 2025

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 717; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു!

  • February 8, 2020 11:00 am

  • 0

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. അതേസമയം, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു. ഇതോടെ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം.

ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച്‌ മരിച്ചു. ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ, കൊറോണയെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ, വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.