കൊറോണ വൈറസ്; ടോക്യോ ഒളിമ്ബിക്‌സിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമായി സംഘാടക സമിതി
February 7, 2020 4:54 pm
0
ടോക്യോ: ചൈനയിലും ജപ്പാനിലും കൊറോണ വൈറസ് മരണങ്ങള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിമ്ബിക്‌സ് 2020ന്റെ നടത്തിപ്പിനെ കുറിച്ച് ആശങ്കയുമായി സംഘാടക സമിതി. വൈറസ് ഭീതി കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്ബിക്‌സ് യോഗ്യത മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ഇത്തരമൊരു ആശങ്കയുമായി സംഘാടക സമിതി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്ബിക്‌സ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറയുന്നു. രാജ്യത്ത് നിന്നും ഈ വൈറസിനെ അതിവേഗം തന്നെ ഇല്ലായ്മ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പകര്‍ച്ചാവ്യാധി മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്ത് നിന്നും വൈറസിനെ ഉന്മൂലനം ചെയ്യാനായി ഉള്‍പ്പെടെയുള്ള ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷിന്‍സോ ആബെയും ദൗത്യത്തില്‍ പങ്കാളിയാണെന്നും ജപ്പാന്‍ വ്യക്തമാക്കി. കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അത്ലറ്റ്‌സ് വില്ലേജ് മേയര്‍ സാബുറോ കവബൂച്ചി പറഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍ ജപ്പാനിലെ ടോക്യോവില്‍ വെച്ചാണ് ഒളിമ്ബിക്‌സ് മത്സരങ്ങള്‍ അരങ്ങേറുക.
ടോക്യോ ഒളിമ്ബിക്‌സ് 2020നുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്ത പോലെ തുടരുന്നതായി അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അറിയിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും അവരുടെ മെഡിക്കല്‍ വിദഗ്ധരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി തടയാനും വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഐഒസി വക്താവ് അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കാരണം 636 പേരാണ് ചൈനയില്‍ മാത്രം ഇതിനോടകം മരിച്ചത്. രാജ്യത്ത് 30000 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ വൈറസ് ലോകമെമ്ബാടും പടരുകയാണ്. 27 രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണ വൈറസ് കാരണം പുറംരാജ്യത്ത് നിന്നുളള ആദ്യ മരണം ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു.