
നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു
February 6, 2020 4:00 pm
0
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. പ്രതി ദിലീപടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിലെ നിര്‍ണായക സാക്ഷികളാണ് ചലച്ചിത്രതാരം ലാലും കുടുംബവും. അക്രമത്തിന് ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് ആദ്യ ദിവസങ്ങളില്‍ നടന്നത്. നടിയുടെ ബന്ധുക്കളുടെ വിസ്താരവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ 136 സാക്ഷികളെയാണ് ഏപ്രില്‍ 7 വരെയുള്ള കാലയളവില്‍ കോടതി വിസ്തരിക്കുക.അതേസമയം, പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണവേണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറഞ്ഞതിന് ശേഷം മാത്രമേ നടിയുടെ ക്രോസ് വിസ്താരം നടത്തുകയുള്ളൂ.