Thursday, 23rd January 2025
January 23, 2025

കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന ; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 73 പേര്‍

  • February 6, 2020 9:45 am

  • 0

ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു.

ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 1082 പേര്‍ മാത്രം.നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ 12ആമത്തെ ആളില്‍ വൈറസ് കണ്ടെത്തി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്. 33 പേര്‍ക്ക്.

വുഹാനില്‍ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൗരന്മാര്‍ ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാര്യോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും.